
കാക്കനാട്: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന്റെ നിയമനത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അഭിനന്ദനങ്ങൾ അറിയിച്ചു.
വത്തിക്കാന്റെ നയതന്ത്രസേവനരംഗത്ത് ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്രദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള ആർച്ചുബിഷപ്പ് സൊമ്മെർടാഗിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിക്കുകയും
പരിശുദ്ധ സിംഹാസനവുമായുള്ള പ്രാദേശികസഭകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിവിധ സഭാസമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പരസഹകരണവും വളർത്തുന്നതിനും പുതിയ സ്ഥാനപതിയുടെ നേതൃത്വവും ശുശ്രൂഷയും സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.ആർച്ചുബിഷപ്പ് വാൾഡെമർ സൊമ്മെർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പ്രാർഥനകളും പൂർണമായ സഹകരണവും ഉറപ്പുനൽകുകയും ചെയ്യുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.
Photo Courtesy - Google









